ചരിത്രം


                     ഈ ക്ഷേത്രം ഇവിടെ ഈ രീതിയിൽ വരുവാൻ നിമിത്തമായത് ക്ഷേത്രം ട്രസ്റ്റി ശ്രീ കെ. രാജേന്ദ്രൻ നായർ ആണ്. ഇതിനാസ്പദമായ സംഭവങ്ങൾ നടക്കുന്നത് 1980 -കാലഘട്ടത്തിലാണ്. അദ്ദേഹത്തിന്റെ പൂർവികരുടെതായിരുന്നു ഈ അംബലം സ്ഥിതി ചെയുന്ന സ്ഥലം. സ്വത്തുക്കൾ ഭാഗം വച്ച അവസരത്തിൽ ഇത് അദ്ദേഹത്തിന്റെ മാതൃസഹോദരിയുടെ പുത്രന് ലഭിക്കുകയും, അദ്ദേഹം ഈ വസ്തു രാജേന്ദ്രൻ നായർക്കു വിലയാധാരം നൽകുകയും ചെയ്തു. അതിൽ കൃഷി ചെയ്യാൻ വേണ്ടി നിലം ഒരുക്കുമ്പോൾ ഈ ഭാഗത്തു കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും ഗന്ധം അനുഭവപ്പെടുകയുണ്ടായി. ആശ്ചര്യമായ ഈ ഒരു പ്രതിഭാസത്തിന്റെ കാരണം അറിയുവാനായി അദ്ദേഹം ഗുരുക്കന്മാരുടെ നിർദേശസപ്രകാരം പ്രശ്‍നം വയ്ക്കുകയും, പ്രശ്ശനവശാൽ ആ സ്ഥലം ഭഗവതിയുടെ സ്വയംഭൂസ്ഥാനം ആണെന് തിരിച്ചറിയുകയും, അവിടെ വിളക്കുകൊളുത്തി പ്രാർത്ഥിച്ചാൽ കുടുംബത്തിനും നാടിനും നന്മ ഉണ്ടാകുമെന്നും മനസിലാക്കുകയും ചെയ്തു. കാടും പറങ്കിമാവും മാത്രം നിന്ന സ്ഥലമായിരുന്നു ഇത്. ഈ പ്രദേശത്തേക്കു വരുവാൻ ഒരു ഒറ്റയടി പാത മാത്രമാണ് ഉണ്ടായിരുന്നത്. ഈ കാടു കുറച്ചു വെട്ടിത്തെളിക്കുകയും ഗുരുക്കന്മാരുടെ നിർദേശപ്രകാരം ഭഗവതിയെ കുടുംബദേവതയായി സങ്കല്പിച്ചു കര്പൂരത്തിന്റെയും ചന്ദനത്തിന്റെയും ഗന്ധം അനുഭവപെട്ടിരുന്ന സ്ഥലത്തിനു സമീപമുണ്ടായിരുന്ന കാഞ്ഞിരമരത്തിൽ ഇരുമ്പു കൊണ്ട് ഒരു വിളക്കു വച്ച് തൊഴുതു വിധിപ്രകാരമുള്ള പൂജാകർമ്മങ്ങൾ നടത്തുകയും കടുംപായസം നേദ്യമായി ദേവിക്കു സമർപ്പിക്കുകയും ചെയ്തു . തുടർന്നുള്ള എല്ലാ മലയാള മാസം ഒന്നാംതിയ്യതിയും അദ്ദേഹവും കുടുംബവും ഇവിടെ വിളക്കു തെളിയിക്കുകയും കടുംപായസനിവേദ്യവും ചെയ്തുപോന്നു. കാലക്രമേണ അവിടെയുള്ള ഭഗവതിചൈതന്യത്തിനു ശക്തി വർധിക്കുകയും ആ പ്രദേശവാസികളായ ആളുകളും ഭഗവതിക്ക് വിളക്കുകൊളുത്താൻ മുന്പോട്ടു വരുകയും ആശ്രിത വത്സയായ ഭഗവതിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്തുപോന്നു. തുടർന്നു ആ പ്രദേശത്തിന് അഭിവൃദ്ധി ഉണ്ടാവുകയും ചെയ്തു.

           1992 -ൽ കാഞ്ഞിരത്തിൽ നിന്നും ഭഗവതിയെ മാറ്റി ഒരു മൂലസ്ഥാനം സങ്കല്പിച്ചു പീഠമുണ്ടാക്കി അവിടെ ഗുരുക്കന്മാരുടെ നിർദ്ദേശ്ശപ്രകാരം പ്രതിഷ്ഠിക്കുകയും പൂജാകർമങ്ങളും നിവേദ്യവും അർപ്പിക്കുകയും ചെയ്തു . തുടർന്നു നടത്തിയ പ്രശ്ശനവശാൽ അവിടെ നാഗസാന്നിദ്ധ്യം കാണുകയും എവിടെ സർപ്പങ്ങൾക്കു ഒരു സ്ഥാനം കാണണമെന്ന് ആലോചിച്ചു രാജേന്ദ്രൻ നായർ വിഷമിക്കുമ്പോൾ ഒരു സർപ്പം ഭഗവതിയുടെ പീഠത്തിനു ഇടതുവശമായി പത്തി വിരിച്ചു നിൽക്കുന്നതായി കാണപ്പെട്ടു. ആ സ്ഥലം പിന്നീട് നാഗങ്ങൾക്കായി നിർണയിക്കുകയും മഞ്ഞളും പാലും നേദിക്കുകയും ചെയ്തു. തുടർന്നു ദേവീചൈതന്യം വർധിക്കുകയും കുടുംബത്തിനും പ്രദേശത്തും ഐശ്വര്യം ഉണ്ടാകുകയും ചെയ്തു. കാലക്രമേണ വാർധക്യ സഹജമായ അസുഖങ്ങൾ മൂലം രാജേന്ദ്രൻ നായർക്കു തുടർന്നു ഭഗവതിക്കുള്ള മാസവിളക്കും നിവേദ്യവും മുടങ്ങുമെന്ന ഭയത്താൽ അഷ്ടമംഗല്യ ദൈവപ്രശ്ശനം നടത്തുകയും പ്രശ്നവശാൽ പരിഹാരമായി താന്ത്രികവിധിപ്രകാരം പുനഃപ്രതിഷ്ഠ നടത്തി ദേവിയെ കുടിയിരുത്താൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ കുടുംബവുമായി ആലോചിച്ചു അദ്ദേഹം മക്കളെയും മരുമക്കളെയും ഉൾപ്പെടുത്തി അമ്മുമ്മക്കാവ് ക്ഷേത്ര ട്രസ്സ്റ്റായി രജിസ്റ്റർ ചെയുകയും ചെയ്തു. ക്ഷേത്രത്തിന്റെ മേൽനോട്ടവും പുനരുദ്ധാരണവും ട്രസ്റ്റ്നെ ഏല്പിക്കുകയും ചെയ്തു. തുടർന്നു അമ്മുമ്മക്കാവ് ടെംപ്ൾ മാനേജിങ് ട്രസ്ററ്റി രഞ്ജിത് ആർ നായരുടെയും മറ്റ് ട്രസ്റ്റ് അംഗങ്ങളായ രാജി അനീഷ് , അനീഷ് ജി കുറുപ്പ് , ഗിരിജ രാജേന്ദ്രൻ നായർ ,അനിജ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പുതിയ ക്ഷേത്രം പണിയുകയും താന്ത്രിക ശ്രേഷ്ഠൻ കുഴിക്കാട് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്(കുഴിക്കാട് ഇല്ലം, തിരുവല്ല )താന്ത്രിക അവകാശം നൽകുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1989 മിഥുനം 15 (29 /6 /2014) പൂയം നാളിൽ ക്ഷേത്രത്തിന്റെ പുനരുദ്ധാരണവും പുനഃപ്രതിഷ്ഠയും നടത്തുകയും ചെയ്തു. തുടർന്നു ക്ഷേത്രം ഭക്തർക്കായി എല്ലാ മലയാളമാസം രണ്ടാംഞായറാഴ്ച തുറക്കുകയും വിധിപ്രകാരമുള്ള പൂജാകർമങ്ങൾ തന്ത്രി ശ്രീ അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം നടത്തിവരുന്നു .

                           കാരുണ്യോത്സവം എല്ലാ വർഷവും പുനഃപ്രതിഷ്ഠ വാർഷികം മൂന്ന് ദിവസത്തെ ഉത്സവത്തോടും പൊങ്കാലയോടും കൂടി നടത്തുന്നു. പ്രതിഷ്ഠദിനമാണ് മൂന്നാം ഉത്സവമായി നടത്തുന്നത് . അന്ന് കലശ്ശ പൂജയും ശുദ്ധി പൂജയും കരുണ്യോത്സവവും നടത്തിവരുന്നു. കാരുണ്യത്തിന്റെയും ഭക്തവാത്സല്യത്തിന്റെയും മൂർത്തിമത്ഭാവമായ ഭഗവതിയോടുള്ള ആത്മസമർപ്പണത്തിന്റെ ഭാഗമായും പാപമുക്തിക്കായും അന്നേദിവസം സമൂഹത്തിൽ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ,ചികിത്സാ സഹായം ഉടനടി ലഭിക്കേണ്ട ആളുകളെ കണ്ടെത്തി അവർക്ക് വൈദ്യസഹായം ലഭിക്കുന്നതിനായി സാമ്പത്തിക സഹായം നൽകുന്നു.അതിനാൽ മൂന്നാം ദിവത്തെ ഉത്സവം കരുണ്യോത്സവമായി കണക്കാകുന്നു. തദ്ദേശവാസികളിൽ നിന്നും ട്രസ്റ്റിന്റെ വകയായും ക്ഷേത്രോപദേശസകസമിതിയിൽ നിന്നുമൊക്കെ പിരിഞ്ഞുകിട്ടുന്ന തുകയിൽനിന്നുമാണ് കരുണ്യോത്സവത്തിനുള്ള തുക കണ്ടെത്തുന്നത്. സഹജീവികളോടുള്ള കാരുണ്യവും സ്നേഹവുമാണ് ദേവിക്കുള്ള ഏറ്റവും വലിയ വഴിപാട് എന്നുള്ള ട്രസ്റ്റ്ന്റെ ചിന്താഗതിയാണ് ഈ കാരുണ്യോത്സവത്തിന് ആധാരം. ക്ഷേത്രോപദേശക സമിതി ഉത്സവത്തിന്റെ സുഗമമായുള്ള നടത്തിപ്പിനും മറ്റുമായി 14 അംഗങ്ങളുള്ള ഒരു ക്ഷേത്രോപദേശക സമിതി രൂപീകരിച്ചിട്ടുണ്ട് .ദേവിയോടുള്ള ഭക്തി മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന കുറച്ചു നല്ലവരായ ചെറുപ്പക്കാർ ഉൾപ്പെടുന്നതാണ് സമിതി.ആത്മാർത്ഥവും നിസ്വാർത്ഥവുമായ ഇവരുടെ സഹകരണം കാരണമാണ് രണ്ട് വർഷത്തെ ഉത്സവം സുഗമമായി നടത്താൻ സാധിച്ചത് . ക്ഷേത്ര ഉപദ്ദേശ്ശക കമ്മിറ്റിക്കാണ് ട്രസ്റ്റിൻറെ പേരിൽ പണം പിരിക്കുവാനും ക്ഷേത്രത്തിന്റെ ഉത്സവവും പൊങ്കാലയും കരുണ്യോത്സവവും നടത്താനുള്ള ചുമതല ഏൽപ്പിച്ചിരിക്കുന്നത്. അമ്മയുടെ അനുഗ്രഹത്താൽ ക്ഷേത്രത്തിന്റെ പ്രവർത്തനം നല്ലരീതിയിൽ നടന്നുവരുന്നു.
അമ്മേ നാരായണ ...ദേവി നാരായണ..